Tuesday, 13 August 2019

മുന്‍ സാരഥികള്‍ ചരിത്രം

തിരുനെല്ലൂര്‍ മഹല്ലുകാരുടെ ഖത്തറിലെ പ്രവാസി കൂട്ടായ്‌മയ്‌ക്ക്‌ പ്രവാസത്തോളം പഴക്കമുണ്ട്‌.പല സന്ദര്‍‌ഭങ്ങളിലും അറിയപ്പെട്ടിരുന്ന വിലാസങ്ങള്‍‌ക്ക്‌  വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്‌.

1965 ല്‍ തിരുനെല്ലൂര്‍‌ നിവാസികള്‍ പത്തൊ പന്തണ്ടോ പേരാണ് പ്രവാസികളായി ഖത്തറില്‍‌ ഉണ്ടായിരുന്നത്.നാട്ടില്‍ ദാരിദ്ര്യം നീങ്ങാത്ത അവസ്ഥ.വളരെ ചുരുങ്ങിയ മാസ വരുമാനത്തില്‍ നാട്ടിലെ മദ്രസ്സയില്‍ ജോലി ചെയ്‌തിരുന്ന അധ്യാപകര്‍‌ക്ക്‌ ശമ്പളം കൂട്ടി നല്‍‌കണം എന്ന ആശയം ഉടലെടുത്തു.അങ്ങനെ 1965 ല്‍ തിരുനെല്ലൂര്‍ മദ്രസ്സാ സഹായ സമിതി എന്ന സം‌ഘടനക്ക്‌ ബീജാവാപം ചെയ്‌തു.ഇതാണ്‌ ഘട്ടം ഘട്ടമായി രൂപാന്തരപ്പെട്ട ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന സം‌ഘടനയുടെ അടിത്തറ.ഹാജി അബ്‌ദു റഹിമാന്‍ ഓര്‍ത്തെടുത്തു.

മഹല്ലിലെ ക്ഷേമ പ്രവര്‍‌ത്തനം എന്ന അജണ്ടയ്‌ക്ക്‌ മാറ്റം വന്നിട്ടില്ല.പ്രവാസി കൂട്ടായ്‌മയ്‌ക്ക്‌ നേതൃത്വം നല്‍കിയിരുന്നവര്‍ പ്രവാസം മതിയാക്കി പോയവരും ഇപ്പോഴും പ്രവാസ ജിവിതം നയിക്കുന്നവരും ഉണ്ട്‌.എഴുപതുകളിലും എമ്പതു കളിലും ഹാജി അബ്‌ദുല്‍ റഹിമാന്‍ പാലപ്പറമ്പില്‍ ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്.പിന്നീട്‌ കുഞ്ഞു ബാവു മൂക്കലെ,അബു പുത്തന്‍ പുരയില്‍,ഇസ്‌മാഈല്‍ ബാവ തുടങ്ങിയവരും നേതൃ പദം അലങ്കരിച്ചിട്ടുണ്ട്‌.2006 മുതല്‍ പുതിയ കെട്ടിലും മട്ടിലും ഈ കൂട്ടായ്‌മ വളരാന്‍ തുടങ്ങുന്ന സന്ദര്‍‌ഭത്തില്‍ അബു കാട്ടിലും തുടര്‍‌ന്ന്‌ അസീസ്‌ മഞ്ഞിയിലും പ്രവാസി കൂട്ടായ്‌മയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്‌.

2010 മുതല്‍ ജനാധിപത്യ രീതിയിലാണ്‌ ഖത്തറിലെ കുട്ടായ്‌മയുടെ നേതൃത്വം നിലവില്‍ വരുന്നതെന്നത്‌ അഭിമാനകരമായ കാര്യമാണ്‌.ഇപ്പൊഴത്തെ സാരഥി ഷറഫു ഹമീദ്‌ മുന്നാമൂഴം അധ്യക്ഷ പദം അലങ്കരിക്കുന്നു എന്നതും അഭിമാനത്തോടെ രേഖപ്പെടുത്താനാവുന്ന വിശേഷമാണ്‌.2006 ലെ പുതിയ രൂപ ഭാവങ്ങളില്‍ ആദ്യത്തെ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം.തുടര്‍‌ന്ന്‌ ചെറിയ ഇടവേളയില്‍ അസീസ്‌ മഞ്ഞിയില്‍.അതിനു ശേഷം ഷിഹാബ്‌ ഇബ്രാഹീം സ്ഥിരപ്തിഷ്‌ഠനായ സെക്രട്ടറിയായി തുടര്‍‌ന്നു പോന്നു.ഇപ്പോള്‍ റഷീദ്‌ കെ.ജിയാണ്‌ സെക്രട്ടറി പദം അലങ്കരിക്കുന്നത്.

ഓരോ പുതിയ സമിതിയും പ്രവര്‍‌ത്തന സജ്ജമായ കാലത്ത്‌ നാട്ടില്‍/മഹല്ലില്‍ നടക്കുന്ന ക്രിയാത്മകമായ സംരം‌ഭങ്ങളെ കൈ അഴിച്ചു സഹകരിച്ചിരുന്നതായി കാണാം.

എഴുപതുകളില്‍ മസ്‌ജിദ്‌ റോഡ്‌,കിഴക്കേകര മദ്രസ്സ,മദ്രസ്സയോടനുബന്ധിച്ച സൗകര്യങ്ങള്‍ ശുദ്ധജലത്തിനു വേണ്ടിയുള്ള കിണര്‍,മഹല്ലിലെ ഇതര പള്ളി മദ്രസ്സാ സംവിധാനങ്ങള്‍‌ക്ക്‌ വേണ്ടിയുള്ള സഹായ സഹകരണങ്ങള്‍ ഖത്തര്‍ കൂട്ടായ്‌മയുടെ അടയാളപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്‌.മുള്ളന്തറയിലെ മസ്‌ജിദ്‌ നൂര്‍,കുന്നത്തെ മസ്‌ജിദ്‌ അബൂബക്കര്‍ സിദ്ധീഖ്‌,കിഴക്കേകര മസ്‌ജിദുകളായ ത്വാഹയും തഖ്‌വയും പുനരുദ്ധരിക്കപ്പെട്ട ജുമാ‌മസ്‌ജിദ്‌ തുടങ്ങിയ മഹല്ലു പരിധിയിലെ പരിശുദ്ധ ഭവനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇതര പ്രവാസികളുടെ പങ്കുകള്‍ക്കൊപ്പം ഒരു പണ തൂക്കം കൂടുതല്‍ ഖത്തര്‍ കുട്ടായ്‌മ തന്നെയാണെന്ന്‌ നിസ്സംശയം പറയാം.ഏറ്റവുമൊടുവില്‍ പള്ളിയുടെ മാസാന്ത വരുമാനം ലക്ഷ്യം വെച്ച്‌ പണി പൂര്‍ത്തീകരിക്കപ്പെട്ട പാര്‍പ്പിട സമുച്ചയത്തിലും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ കയ്യൊപ്പ്‌ തെളിയാതെ തെളിയുന്നുണ്ട്‌.

2006 -08
പ്രസിഡണ്ട്- അബുകാട്ടിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ട്രഷറർ
കെ .വി.ഹുസൈൻ ഹാജി

2008 -09
പ്രസിഡണ്ട്- അബുകാട്ടിൽ
ജനറൽ സെക്രട്ടറി - അബ്ദുൽ അസീസ് മഞ്ഞിയിൽ
ട്രഷറർ
കെ .വി.ഹുസൈൻ ഹാജി

2009-11
പ്രസിഡണ്ട്-  അസീസ് മഞ്ഞിയിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ട്രഷറർ
കെ .വി.ഹുസൈൻ ഹാജി

2011 -12
പ്രസിഡണ്ട്- അസീസ് മഞ്ഞിയിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ട്രഷറർ
വി.എസ്.ജലീൽ

2012-13
പ്രസിഡണ്ട്- അസീസ് മഞ്ഞിയിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ട്രഷറർ
ഹമീദ്‌‌കുട്ടി.ആർ.കെ

2013 -14
പ്രസിഡണ്ട്- അബുകാട്ടിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ട്രഷറർ
കെ.കെ.മുഹമ്മദ് ഇസ്മാഈൽ ബാവ

2015 -16
പ്രസിഡണ്ട്- ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ട്രഷറർ
മുഹമ്മദ് ഇസ്മാഈൽ ബാവ

2016 - 17
പ്രസിഡണ്ട് - ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ട്രഷറർ
മുഹമ്മദ് ഇസ്മാഈൽ ബാവ

2017- 18
പ്രസിഡണ്ട്- ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ട്രഷറർ
സലീം ഖാദർമോൻ

2018- 19
പ്രസിഡണ്ട് - ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - കെ.ജി റഷീദ്‌
ട്രഷറർ - ഹാരിസ്‌ അബ്ബാസ്‌

Saturday, 1 April 2017

ഏകാന്തതയുടെ തുരുത്തില്‍ വിങ്ങിപ്പൊട്ടുന്ന

1980 ഫിബ്രുവരി 15 നായിരുന്നു പ്രവാസത്തിന്റെ തുടക്കം.അതേ വര്‍‌ഷത്തെ നോവുന്ന നോമ്പനുഭവം വായനക്കാരുമായി പങ്കു വെയ്‌ക്കാം.ബോംബെയില്‍ ബാപ്പയോടൊപ്പം ജോലിയും സായാഹ്ന വിദ്യാലയത്തിലെ പഠനവും നടക്കുമ്പോഴായിരുന്നു ഖത്തറിലേയ്‌ക്കുള്ള അവസരം വീണു കിട്ടിയത്‌.എന്നാല്‍ കമ്പനി രൂപീകരണവും മറ്റും നടന്നത്‌1982 ലായിരുന്നു.അതുവരെയുള്ള കാലം ഉടമയുടെ റുവൈസിലുള്ള അതിഥി മന്ദിരത്തില്‍ കഴിയാനായിരുന്നു നിയോഗം.ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയില്‍ നിന്നും നൂറിലേറെ കിലോമീറ്റര്‍ ദൂരത്താണ്‌ റുവൈസ്‌ സ്ഥിതിചെയ്യുന്നത്.ഏകദേശം ബഹറൈനുമായി അഭിമുഖം നില്‍‌ക്കുന്ന പഴയ കാല ജനവാസ കേന്ദ്രങ്ങളിലൊന്നാണ്‌ റുവൈസ്.ഇവിടെ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ കിഴക്കു ഭാഗത്ത്‌ കടലോരത്താണ്‌ പ്രസ്‌തുത അതിഥി മന്ദിരം.

വാരാന്ത്യങ്ങളില്‍ മാത്രം സജീവമാകുമായിരുന്ന ഈ തീരത്തെ ഏകാന്ത വാസം ഏറെ പ്രയാസപ്പെട്ടതായിരുന്നു.താല്‍‌കാലിക താവളം എന്ന നിലക്ക്‌ ഒരു വിധം രാജിയായി പോകുകയായിരുന്നു.നാടുമായും നാട്ടുകാരുമായും തികച്ചും ഒറ്റപ്പെട്ട പ്രതീതി.തൊട്ടടുത്തുള്ള റുവൈസിലേയ്‌ക്കും വേണ്ടപ്പെട്ടവരൊക്കെയുള്ള ദോഹയിലേയ്‌ക്കും വളരെ പരിമിതമായ യാത്രകളെ നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.എഴുത്തും വായനയും പഠനമനനങ്ങളും മുറക്ക്‌ നടന്നു കൊണ്ടിരുന്നു.റുവൈസ്‌ നാളുകളെ കുറിച്ച്‌ വിശദമായി ഒരിക്കല്‍ പങ്കുവെച്ചിരുന്നതിനാല്‍ നോമ്പനുഭവത്തിലേയ്‌ക്ക്‌ കടക്കാം.

1980 ജൂലായ്‌ രണ്ടാം വാരം മുതല്‍ പ്രവാസ കാലത്തെ ആദ്യത്തെ നോമ്പു തുടങ്ങി.നോമ്പു കാലത്ത്‌ ദോഹയില്‍ നിന്നും വല്ലപ്പോഴും വരുന്ന ഡ്രൈവര്‍‌മാര്‍ അല്ലാതെ മറ്റാരും വരാറില്ലായിരുന്നു.അഥവാ മനുഷ്യന്റെ ചെത്തവും ചൂരിമില്ലാത്ത ഈ പ്രദേശത്തെ ആഴ്‌ചയിലൊരിക്കലെങ്കിലുമുള്ള ബഹളവും ഇല്ലെന്നു ചുരുക്കം.

കിടപ്പു മുറിയുടെ ജന്നല്‍ തുറന്നിട്ടാല്‍ കടല്‍ തീരത്തിരിക്കുന്ന പ്രതീതിയാണ്‌.എങ്കിലും അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ കടല്‍ കരയില്‍ വന്നിരിയ്‌ക്കും.നോമ്പു തുറക്കാനുള്ള വെള്ളവും ഈത്തപ്പഴവും കൂടെ കരുതും.തുണക്കാരായ രണ്ട്‌ ശുനകന്മാര്‍ തൊട്ടടുത്ത്‌ വന്നു കിടക്കും.ദോഹയില്‍ നിന്നും അവര്‍‌ക്കായി കൊണ്ടുവരുന്ന വിശേഷപ്പെട്ട ടിന്‍ ഫുഡും പ്രത്യേക പാത്രത്തില്‍ കൂടെ കരുതും.പാരായണങ്ങളും തസ്ബീഹുകളും ദിക്കറുകളും ഒക്കെ കടല്‍ കരയി്‌ലിരുന്നായിരുന്നു നിര്‍‌വഹിച്ചിരുന്നത്‌.അണപൊട്ടി ഒഴുകുന്ന കണ്ണീര്‍ ചാല്‍ അടക്കാന്‍ കഴിയുമായിരുന്നില്ല.വിജനമായ ഈ മരുപ്രദേശത്ത് പടച്ച തമ്പുരാനല്ലാതെ ആരും  ഉണ്ടാകുമായിരുന്നില്ല.പഴയ ജനവാസത്തിന്റെ അടയാളങ്ങളില്‍ പെട്ട ഇടിഞ്ഞു പൊളിയാറായി നില്‍‌ക്കുന്ന മണ്ണുരുളകള്‍ കൊണ്ട്‌ പണിത ഒരു പള്ളി വരാന്തയിലാണ്‌ പകല്‍ സമയത്തെ ആരാധനകള്‍ നിര്‍‌വഹിച്ചിരുന്നത്.റമദാന്‍ കാലത്ത്‌ മഗ്‌രിബും ഇവിടെ വെച്ചായിരുന്നു നിര്‍‌വഹിച്ചു പോന്നത്‌.കാതു കൂര്‍പ്പിച്ചിരുന്നാല്‍ വളരെ നേര്‍ത്ത ശബ്‌ദത്തില്‍ മണലാരണ്യത്തില്‍ നിന്നെവിടെനിന്നോ ബാങ്കു കേള്‍‌ക്കാം.ചുകന്നു തുടുത്ത ചക്രവാളം കരഞ്ഞു കലങ്ങുമ്പോള്‍ നോമ്പു തുറക്കാനൊരുങ്ങും.നോമ്പുകാരേക്കാള്‍ പരവശരായ നിലയില്‍ കിടക്കുന്ന എന്റെ തുണക്കാരും സടകുടഞ്ഞെഴുന്നേറ്റ് അവരുടെ തീറ്റയിലേയ്‌ക്ക്‌ തിരിയും.ഞാന്‍ നോമ്പു തുറക്കുമ്പോള്‍ ഈ ശുനകന്മാര്‍‌ക്ക്‌ സന്തോഷമുണ്ടാക്കുന്നു എന്നാണ്‌ അനുഭവം.

നോമ്പു തുറന്നു പള്ളി വരാന്തയില്‍ കയറി അത്യുച്ചത്തില്‍ ബാങ്കു വിളിക്കും.ഒരോ സ്വര വീചിയും ആകാശത്ത്‌ മുട്ടി തിരിച്ചു വരും.കടലലകള്‍ എന്നോടൊപ്പം തേങ്ങും.ഇഖാമതു കൊടുത്തു നിസ്‌കരിക്കാന്‍ തുടങ്ങും.അക്ഷരാര്‍ഥത്തില്‍ അല്ലാഹുവുമായുള്ള കൂടിക്കാഴച..വിങ്ങിപ്പൊട്ടുന്ന ചക്രവാളം എന്നെ കൂടുതല്‍ സങ്കടത്തിലാഴ്‌ത്തും.ഒരു ലോകം മുഴുവന്‍ പിന്നിലുള്ള പോലെ നിസ്‌കരിക്കും.അതിനുശേഷം കാറ്റുമൂളാത്ത ഒരു മൂലയില്‍ കനല്‍ കത്തിച്ച്‌ മത്സ്യം ചുട്ടെടുത്ത് റൊട്ടിയും കൂട്ടി ആഹരിയ്‌ക്കും.പിന്നെ അകത്തു കയറി കതകടക്കും.ജന്നലുകള്‍ മലര്‍ക്കെ തുറന്നിടും.കട്ടിലില്‍ വിശ്രമിക്കുമ്പോള്‍ അനന്തമായ ആകാശക്കയങ്ങളിലെവിടെയോ മുങ്ങിത്താഴുന്നതു പോലെ തോന്നും. പിന്നെ നക്ഷത്രങ്ങള്‍ കിന്നാരം പറഞ്ഞു തുടങ്ങും.ഒരു വേള മണ്ണും വിണ്ണും ഒന്നായ പോലെ ...ഞാന്‍ അതില്‍ അലിഞ്ഞില്ലാതാകും.എന്റെ നൊമ്പരപ്പെരുമഴ കണ്ടിട്ടെന്നവണ്ണം വാതില്‍ പടിയില്‍ വന്നു ശുനകന്മാര്‍ ഒച്ച വെയ്‌ക്കും.മിഴികള്‍ തുടച്ചു വാതില്‍ തുറന്നു ആശ്വാസ വാക്കുകള്‍ മൊഴിയുമ്പോള്‍ മുന്‍ കാലുകള്‍ ചായ്‌ച്ച്‌ വാലനക്കി നായ്‌ക്കള്‍ കൂട്ടിലേയ്‌ക്ക്‌ പോകും.അടച്ചാലും ഇല്ലെങ്കിലും കൂട്ടിലകപ്പെട്ട ഞാന്‍ രാത്രി  നിസ്‌കാരത്തിനുള്ള ഒരുക്കങ്ങളിലേയ്‌ക്ക്‌ വാതില്‍ തുറയ്‌ക്കും.മരുഭൂമിയിലെ കാറ്റിന്റെ ചടുലമായ ചൂളം വിളിയില്‍ മനസ്സിന്റെ തന്ത്രികള്‍ തസ്ബീഹ്‌ കോര്‍‌ക്കും...
അസീസ്‌ മഞ്ഞിയില്‍

ഒരു പദ്ധതി പ്രദേശത്തിന്റെ വര്‍ത്തമാനം

ദോഹയുടെ ഹൃദയം എന്നറിയപ്പെടുന്ന മുശേരിബ്‌ പദ്ധതിയുടെ പൂര്‍‌ത്തീകരണത്തിനു വേണ്ടി രാപകല്‍ ഭേദമില്ലാതെ പ്രവര്‍‌ത്തന നിരതരാണ്‌ പ്രാദേശികവും അല്ലാത്തതുമായ വമ്പന്‍ കമ്പനികളുടെ തൊഴില്‍ പട.ഈ തൊഴില്‍ പടയിലെ ബ്ലു കോളര്‍ സം‌ഘത്തില്‍ പെട്ടവര്‍‌ക്കായുള്ള താവളം മുശേരിബ്‌ പദ്ധതി പ്രദേശത്തിന്റെ ഇറയിലും തറയിലും ഒതുക്കപ്പെട്ടിരിക്കുന്നു.

മുശേരിബിലെ കെട്ടിടങ്ങളിലുണ്ടായിരുന്ന പ്രവാസി കുടും‌ബങ്ങള്‍ എല്ലാം കൂടൊഴിഞ്ഞു പോയി.ഇന്ത്യക്കാരായ വിശിഷ്യാ മലയാളികള്‍ നല്ലൊരു ശതമാനവും ഇവിടെ നിന്നും ദോഹയുടെ ഇതര ഭാഗങ്ങളിലേയ്‌ക്ക്‌ ചേക്കേറി.ഇന്ത്യന്‍ ഉപഭൂഖണ്ഢത്തിന്റെ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്‌ ഈ പ്രദേശം മുഴുവനെന്നോണം ഇപ്പോള്‍ കയ്യടക്കിയിരിക്കുന്നത്..മുശേരിബ്‌ പദ്ധതിയുടെ ഭാഗമായി പൊളിച്ചു നീക്കപ്പെടാന്‍ നാളുകളെണ്ണുന്ന ഇടങ്ങളും കെട്ടിടങ്ങളും ജനത്തിരക്കിനാല്‍ വീര്‍‌പ്പു മുട്ടുകയാണ്‌.പുതിയ താവളക്കാരുടെ രുചിയനുസരിച്ചുള്ള പലഹാരങ്ങള്‍‌ക്കും,പലവ്യഞ്ചനങ്ങള്‍‌ക്കും പുതിയ  കടകള്‍ തുറക്കപ്പെട്ടിരിക്കുന്നു.ചായക്കടകളും ഭക്ഷണ ശാലകളും ദിനേനയെന്നോണം തുറന്നു കൊണ്ടിരിക്കുന്നു.അണയാന്‍ പോകുന്ന അഗ്നിയുടെ ആളിക്കത്തല്‍ പോലെ കച്ചവടം പൊടി പൊടിക്കുന്നു.

ഇടനാഴികകളിലെ മതിലുകളിലും വാതിലുകളിലും വിവിധ ഭാഷകളില്‍ കുറിച്ചിട്ട കുറിപ്പുകളും കുറിമാനങ്ങളും പരസ്യങ്ങളും കൊണ്ട്‌ നിറഞ്ഞിരിക്കുന്നു..വൈദ്യതി വിഛേദിച്ചിരുന്ന കെട്ടിടങ്ങള്‍ പലതും വൈദ്യതി പുനസ്ഥാപിച്ച്‌ താമസത്താവളങ്ങളാക്കിയിരിക്കുന്നു.കിടപ്പു മുറികള്‍‌ക്ക്‌ ഉള്‍‌കൊള്ളാന്‍ കഴിയുന്നതിലധികം താമസക്കാരുള്ള കെട്ടിടങ്ങളുടെ രൂപവും ഭാവവും വികൃതമായിരിക്കുന്നു.അതി മനോഹരമായ ഒരു വിഭാവനയുടെ പൂര്‍‌ത്തീകരണത്തിനായി അതി വിചിത്രമായൊരു കെട്ടു കാഴ്‌ച.അടുക്കും ചിട്ടയുമില്ലാത്ത സമൂഹം.വൃത്തിയും വെടിപ്പും തൊട്ടു തീണ്ടാത്ത ജന സഞ്ജയം.തൊട്ടതിനും തോണ്ടിയതിനും ഒച്ച വെക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന കൂട്ടും കൂട്ടരും.എവിടേക്കും എന്തും തൂത്തെറിയാന്‍ മടിയില്ലത്തവര്‍.അക്ഷരാര്‍‌ഥത്തില്‍ വൈകൃതങ്ങളുടെ കൂത്തരങ്ങ്.ഇടം വലം നോക്കാതെ കാര്‍‌ക്കിച്ചു തുപ്പുന്നവര്‍..കാട്ടു കൂട്ടങ്ങള്‍ പോലും കാണിക്കാത്ത പരിസരബോധം മറന്ന ഒരു കൂട്ടര്‍.കൈലിയും ബനിയനും മാത്രം ധരിച്ച്‌ ഒരു കൂസലും കൂടാതെ ഈ 'ഹൃദയത്തില്‍' ചവിട്ടി കൂട്ടം കൂട്ടമായി നടന്നു പോകുന്നതു കണ്ടാല്‍ ബോധം നഷ്‌ടപ്പെടാത്ത ആരും അന്തം വിട്ടു നിന്നു പോകും.

പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വഴിവാണിഭക്കാര്‍ ആളുകളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് എല്ലാം  നിരത്തുന്നുണ്ട്‌.മലക്കറികള്‍ മുതല്‍ മത്സ്യ മാം‌സങ്ങള്‍ വരെ.ഓരോ നമസ്‌കാര സമയത്തിനു ശേഷവും കച്ചവടം സജീവമാകും.മഗ്‌രിബിനു ശേഷമാണ്‌ വളരെ തകൃതിയായി കച്ചവടം നടക്കുന്നത്.വാരാന്ത്യങ്ങളില്‍ സ്ഥിതി വിവരണാതീതം.വഴിയാത്രക്കാര്‍ക്ക് കടന്നു പോകാന്‍ പോലും നന്നേ പ്രയാസപ്പെടേണ്ടി വരും.

ഇതാണ്‌ മുശേരിബ്‌ പദ്ധതിയുടെ ഓരത്തേയും ചാരത്തേയും വളരെ സം‌ക്ഷിപ്‌തമായ വര്‍ത്തമാന ചിത്രം.

മുശൈരിബ്‌ സ്‌മരണകള്‍

1980/90 കളിലെ ഖത്തര്‍ ഓര്‍‌മ്മകളുമായി ബന്ധപ്പെട്ട ചില വിശേഷങ്ങളാണ്‌ പങ്കു വെക്കുന്നത്‌.ദോഹയിലെ മുശേരിബ്‌ പ്രദേശത്തെ രണ്ട്‌ തെരുവുകളായിരുന്നു ശാര  കഹറബയും ശാര ദിവാനും.ഖത്തറിന്റെ വൈദ്യതി മന്ത്രാലയത്തിന്റെ മുഖ്യ കേന്ദ്രവും ഭരണാധികാരിയുടെ ദിവാന്‍ കാര്യാലയവും പ്രസ്‌തുത പരിസരത്ത്‌ സ്ഥിതി ചെയ്‌തിരുന്നതിനാലായിരിക്കാം തെരുവുകള്‍‌ക്ക്‌ യഥാക്രമം ഈ പേരുകള്‍ നല്‍‌കപ്പെടാന്‍ കാരണം. റയാന്‍ പാതയില്‍ നിന്നും തുടങ്ങി പഴയ ടലികമ്മ്യൂണിക്കേഷന്‍ കവലയില്‍ വന്നവസാനിച്ചിരുന്ന   തെരുവുകള്‍ പ്രസിദ്ധിയാര്‍‌ജിച്ച പഴയകാല  വിപണനന കേന്ദ്രങ്ങളായിരുന്നു.

ഇലക്‌ട്രോണിക് ഉല്‍‌പന്നങ്ങളുടെ കച്ചവടത്തില്‍ ഒന്നാം നിരക്കാരായ നാഷണല്‍,അത്യാധുനികതയുടെ പേരും പൊരുളുമുള്ള മോഡേണ്‍ ഹോം,സമയ നിഷ്‌ടയുടെ രാജകീയ അടയാളങ്ങളായ റാഡൊ റോളക്‌സ്,പലവ്യഞ്ജനങ്ങളുടെ പഴമക്കാരായ സൈദ,തുണിത്തരങ്ങളില്‍ കേമന്മാരായ അല്‍‌ സഹ്‌റയും ബോം‌ബെ സില്‍‌ക്‌സും,പുതു പുത്തന്‍ ഗാനോപഹാരങ്ങളും ചല ചിത്രങ്ങളും വിതരണം ചെയ്‌തിരുന്ന സ്റ്റാര്‍ വേള്‍‌ഡ്‌,ഫാസ്റ്റ് ഫുഡ്‌ ശൃംഘലകള്‍‌ക്ക്‌ ദോഹയില്‍ തുടക്കം കുറിച്ച സ്റ്റര്‍‌ലിങ്,ട്രാവല്‍ ഏജന്‍‌സികളുടെ പാരമ്പര്യക്കാരായ ഏഷ്യന്‍ ട്രാവല്‍‌സും ക്ലിയൊ പാട്രയും,വാടക വാഹനങ്ങള്‍ ആദ്യമായി നിരത്തിലിറക്കിയ അല്‍‌മുഫ്‌താഹ്‌,പാത രക്ഷകളില്‍ മുന്‍‌പന്തിയില്‍ നില്‍‌ക്കുന്ന തമീമ,സ്വര്‍‌ണ്ണാഭരണങ്ങള്‍ പണിതു നല്‍‌കിയിരുന്ന കനറ,മധേഷ്യയിലെ പ്രാതല്‍ വിഭവങ്ങളില്‍ പ്രചുര പ്രചാരമുള്ള ഹമ്മുസ്‌ വിളമ്പുന്ന ബൈറൂത്ത്‌ റസ്റ്റോറന്റ്‌,ഇന്ത്യയില്‍ വിശിഷ്യാ തെന്നിന്ത്യക്കാരുടെ ഇഷ്‌ട രുചിയായ മസാല ദോശ ലഭിക്കുന്ന വെല്‍‌കം റസ്റ്റോറന്റ്‌, തുടങ്ങിയ സ്ഥാപനങ്ങള്‍ എടുത്ത്‌ പറയേണ്ടവയാണ്‌.

മലയാളികളായ പണ്ഡിത കേസരികളുടെ വിജ്ഞാന വിരുന്നുകള്‍‌ക്കും ആഴ്‌ച ക്ലാസുകള്‍‌ക്കും സാക്ഷ്യം വഹിച്ച മസ്‌ജിദ്‌ ഗാനവും മസ്‌ജിദ്‌ ഖലീഫയും ഈ പരിസരത്തായിരുന്നു.ഗാര്‍ഡന്‍  റസ്റ്റോറന്റിന്റെ എതിര്‍‌ വശത്തെ മസ്‌ജിദ്‌ ഖലീഫയുടെ ഒഴിഞ്ഞ ഇടമായിരുന്നു പ്രദേശത്തെ വാഹന പാര്‍‌കിങ് കേന്ദ്രം.പഠാണികളും ബലൂചികളും കായികാധ്വാനമുള്ള പണികള്‍‌ക്കിറങ്ങാന്‍ ഒത്തു കൂടിയിരുന്നതും ഇവിടെയായിരുന്നു.ദൃശ്യ ശ്രാവ്യ പ്രസാരണ മാധ്യമങ്ങള്‍ വര്‍‌ത്തമാനാവസ്ഥപോലെ പുരോഗമിച്ചിട്ടില്ലാതിരുന്നതിനാല്‍ ലൈബ്രറികള്‍ വഴിയായിരുന്നു ആസ്വാദകര്‍ തങ്ങളുടെ അഭിരുചികള്‍‌ക്ക്‌ പരിഹാരം കണ്ടെത്തിയിരുന്നത്.പുതിയ പ്രഭാഷണങ്ങള്‍ സം‌ഗീത സമാഹാരങ്ങള്‍ ചലചിത്രങ്ങള്‍ എന്നിവയുടെ റെക്കാഡുകള്‍ സമയാസമയങ്ങളില്‍ വിതരണം ചെയ്‌തിരുന്ന പ്രശസ്‌തമായ സ്ഥാപനങ്ങള്‍ അധികവും ഈ ഭാഗങ്ങളില്‍ തന്നെയായിരുന്നു.സര്‍‌ക്കാര്‍ അര്‍‌ധ സര്‍‌ക്കാര്‍ എണ്ണ ഊര്‍‌ജ കമ്പനികള്‍ തുടങ്ങിയവയില്‍ ജോലിയുള്ള സമ്പന്ന ഇന്ത്യന്‍ കുടും‌ബങ്ങളുടെ വിശിഷ്‌ട ഭോജന ശാലകളും ദോഹയുടെ ഹൃദയ ഭാഗത്തു തന്നെയായിരുന്നു.

എല്ലാ വ്യാഴാഴ്‌ചകളിലും ശഹാനിയയില്‍ നിന്നും ഒരു ബദവി സുഹൃത്ത്‌ ഞാന്‍ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തില്‍ വരുമായിരുന്നു.ആഴ്‌ചയിലൊരിക്കല്‍ ഞങ്ങളൊരുമിച്ചായിരുന്നു പ്രാതല്‍ കഴിച്ചിരുന്നത്.തെന്നിന്ത്യന്‍ ഭോജനശാലയില്‍ നിന്നുള്ള മസാല ദോശ ഇദ്ധേഹത്തിന്റെ ഇഷ്‌ട വിഭവമായിരുന്നു.വാരാന്ത്യത്തില്‍ ഒരു മലബാരിയുമൊത്ത്‌ ഇഫ്‌ത്വാര്‍ എന്നതില്‍ ഈ ആദിവാസി അറബി കവിക്ക്‌ ശാഠ്യമുണ്ടായിരുന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.മലബാരികളോട്‌ നല്ല അലിവും ആദരവും  വെച്ചു പുലര്‍‌ത്തിയിരുന്ന ഇദ്ധേഹം ഇന്ത്യന്‍ ഗാനങ്ങളുടെ വിശിഷ്യ മാപ്പിള പാട്ടുകളുടെ ആസ്വാദകനുമായിരുന്നു.ചെറുകിട മലബാരികളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും നന്നായി മനസ്സിലാക്കിയ ഈ സരസന്‍ ഒരോ ആഴ്‌ചയും   മലബാരിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫലിതം വിളമ്പുമായിരുന്നു.അതിലൊന്നു മാത്രം ഇവിടെ പങ്കുവെക്കാം.'വ്യാഴം വെള്ളി മാര്‍‌ക്കറ്റില്‍' വില്‍‌പനക്കാര്‍ സാധനങ്ങളുടെ വില പ്രത്യേകം വിളിച്ചു പറയുന്ന ശീലമുണ്ടായിരുന്നു..ഒരിക്കല്‍ ഒരു മലബാരി പച്ചക്കറിയുടെ വില വിളിച്ചു പറഞ്ഞതിങ്ങനെയായിരുന്നത്രെ.''അശ്‌രീന്‍ റിയാല്‍....പത്തു റിയാല്‍..."അറബിയില്‍ പറയുന്നതിന്റെ തര്‍‌ജമയെന്നു തോന്നിപ്പിക്കുന്ന വിധം എന്നാല്‍ മലബാരിക്ക്‌ നേര്‍‌ പകുതി വില.സത്യത്തില്‍ ഇതിലൊരു കാപട്യമുണ്ടെങ്കിലും തങ്ങളുടെ നാട്ടുകാരോട്‌കാണിക്കുന്ന മുഹബ്ബത്തില്‍ ഈ സഹൃദയന്‌ വലിയ മതിപ്പുണ്ടായിരുന്നു.

മാസാന്ത്യങ്ങളില്‍ ഈ ഭാഗത്ത്‌ ഒരു വൃദ്ധന്‍ പ്രത്യക്ഷപ്പെടും.താടിയും തലയും പുരികവും നരച്ച പടു കിഴവന്‍.ചുക്കിച്ചുളിഞ്ഞ കുപ്പായവും ജീന്‍‌സ്‌പാന്റുമാണ്‌ വേഷം.പ്രയാസപ്പെട്ടാണ്‌ നടക്കുന്നതെങ്കിലും തനിക്കൊരു പ്രയാസവും ഇല്ലെന്ന ഭാവം മുഖത്ത് കാണാം.കരി ഓയില്‍ നിറച്ച പഴയ ഒരു ടിന്‍ കയ്യിലുണ്ടാകും.പന്തം ചുറ്റിയ ഒരു വടിയും.കുറച്ചു പഴന്തുണികളും.ഇറാനിയാണ്‌. ഓരോ കടയുടേയും ഷട്ടര്‍ റെയിലിലുള്ള മണ്ണും പൊടിയും ആദ്യം വൃത്തിയാക്കും.പിന്നീട്‌ പന്തം ചുറ്റിയ വടിയില്‍ ഓയില്‍ മുക്കി തേച്ചു കൊടുക്കും.തന്റെ പണി കഴിഞ്ഞാല്‍ സലാം പറഞ്ഞു ഇറങ്ങും.ഉടനെ സ്ഥാപനത്തിലുള്ളവര്‍ ആരെങ്കിലും ഇറങ്ങി വന്ന്‌ ചില്ലറ റിയാലുകള്‍ കയ്യില്‍ കൊടുക്കും.ഒരു പീടിക കഴിഞ്ഞാല്‍ തൊട്ടടുത്തത്.ആരോടും സമ്മതം ചോദിച്ചിട്ടായിരുന്നില്ല ഈ വൃദ്ധന്‍ തന്റെ പണി ആരം‌ഭിച്ചിരുന്നത്.കിട്ടുന്ന വിഹിതം തുറന്നു പോലും നോക്കാതെ പോക്കറ്റില്‍ വെക്കുകയും ചെയ്യുമായിരുന്നു.ഒരിടം കഴിഞ്ഞാല്‍ മറ്റൊരിടം എന്ന മട്ടില്‍ അയാള്‍ നഗരം ചുറ്റുന്നുണ്ടായിരിക്കാം.ആരോടും അന്വേഷിക്കാതെ ജോലി ചെയ്യുന്ന ഈ കിഴവന്‌ ആരാലും പ്രതിഫലം നിഷേധിക്കപ്പെട്ടിരുന്നില്ല.അഥവാ ആരെങ്കിലും അതിനു മുതിര്‍‌ന്നാല്‍ ദുര്‍‌ബലനായ വൃദ്ധന്‌ ഒന്നും ചെയ്യാനും കഴിയുമായിരുന്നില്ല.

അധികമൊന്നും സൗന്ദര്യവത്കരിക്കപ്പെട്ടിട്ടില്ലായിരുന്ന പഴയകാലത്തെ നഗരത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓര്‍‌മ്മകളില്‍ ഏറെ ഹൃദ്യമായ അനുഭവങ്ങള്‍ സുലഭമായിന്നു.എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന പുതിയ പട്ടണ സം‌സ്‌കാരത്തില്‍ കണ്ണ്‌ കഴക്കുന്ന വര്‍‌ണ്ണ മഴയുണ്ടെങ്കിലും കരളില്‍ പതിയുന്ന കാഴ്‌ചകള്‍ വിരളമത്രെ.
മാധ്യമം